കറ

Sunday, August 28, 2022 0 comments

ആദ്യമായി ഋതുമതി ആയ ദിവസം ഞാൻ അറിഞ്ഞില്ല എന്നു പറഞ്ഞാൽ വിശ്വസിക്കുമോ?ഞാനും അമ്മയും അച്ഛനും ഒഴികെ എല്ലാവരും അറിഞ്ഞിരുന്നു എന്ന് പറയുമ്പോഴോ?


സ്കൂളിലേക്ക് നടന്നു പോയി വരുന്ന കാലം. വെളുത്ത ഷർട്ടും ഇളം നീല പാവാടയും. കറ പുരണ്ട പാവാടയിൽ സ്കൂളിൽ ഓടികളിച്ചു നടന്നു. അതും ഉടുത്തു നടുറോട്ടിലൂടെ വീട്ടിലേക്കു നടന്നു. ചെന്ന പാടെ കുളിച്ചു റെഡിയായി ടിവി കാണലും പഠനവുമൊക്കെയായി ദിവസം കടന്നു പോയി.


പിറ്റേന്ന് രാവിലെ യൂണിഫോം കഴുകാനെടുത്ത അമ്മ കണ്ടു. അന്ന് സ്കൂളിലേക്ക് വിട്ടോ എന്ന് ഓർക്കുന്നില്ല. ഇതേ പറ്റി ഏതെങ്കിലും സുഹൃത്തുക്കളോ അധ്യാപകരോ നാട്ടുകാരോ എന്നോടൊന്നും ചോദിച്ചില്ല പറഞ്ഞില്ല. അതൊരു നല്ല കാര്യമാണോ എന്നൊന്നും മനസ്സിലായില്ല. ആർക്കെങ്കിലും ഒന്ന് സഹായിക്കാമായിരുന്നു എന്ന് തോന്നി.




വർഷങ്ങളുടെ ചോരപ്പാടുകൾ പിന്നെയും വന്നു പോയി. ഇക്കഴിഞ്ഞ ദിവസം ഇൻസ്‌പെക്ഷൻ ജോലിയിൽ മുഴുകി വെള്ള സൽവാറിൽ കറയുമായി ഓടിനടന്നിട്ടും ആരും ഒന്നും പറഞ്ഞില്ല. അറിഞ്ഞില്ല. അതൊരു നല്ല കാര്യമായി തോന്നി. ഒരു രക്തതുള്ളിയുടെ പേരിൽ മാനസികമായി ബുദ്ധിമുട്ടിയില്ല. ബുദ്ധിമുട്ടിച്ചില്ല.


എല്ലാവർക്കും ഇതേ അനുഭവം ആണോ എന്നറിയില്ല. ആയിരിക്കട്ടെ.. ഒരു കറയിൽ എന്തിരിക്കുന്നു അല്ലേ.. 

0 comments:

Post a Comment

 

©Copyright 2011 The Envisioned Nonentity | TNB