അഹങ്കാരികളും തന്‍റെടികളും

Friday, March 8, 2013 0 comments

ഓര്‍മ്മകള്‍ പങ്കുവെക്കാന്‍ അമ്മക്ക് ഇഷ്ടമാണ്. കഥകള്‍ കേള്‍ക്കാന്‍ എനിക്കും.  തിരുവനന്തപുരത്തെ ഒരു പ്രശസ്ത വനിതാ കലാലയത്തില്‍ പഠിച്ച നാളുകളിലെ ഒരു സംഭവം പണ്ട് പറഞ്ഞത് ഇന്ന് ഓര്‍ക്കാന്‍ ഇടയായി.

മത്സ്യബന്ധന മേഖലയിലൂടെ ദിനവും ഓടുന്ന വിമെന്‍സ് ഒണ്‍ലി ബസ്സ്. മേല്‍പ്പറഞ്ഞ കലാലയത്തിലെ വിദ്യാര്‍ത്ഥിനികളും തദ്ദേശീയരുടെ കുഞ്ഞു മക്കളും സ്ഥിരം യാത്രക്കാര്‍.. ഫോറിന്‍ സോപ്പുകളും കുട്ടിക്കൂറയില്‍ മറയാത്ത കടപ്പുറത്തിന്‍റെ തനതു വാസനകളും തമ്മിലുള്ള വഴക്ക് നിത്യസംഭവം ആയിരുന്നു.

ഫോറിന്‍ സോപ്പുകളുടെ സ്വയം പ്രഖ്യാപിത നേതാക്കള്‍ അവസാനം തീരുമാനിച്ചു. അന്നാട്ടിലെ പെണ്‍കുട്ടികള്‍ക്ക് ഇനിമേല്‍ വണ്ടിയില്‍ സ്ഥലമില്ല. പുകിലുകളുടെ ആരംഭം. ബസ്സ് ഡ്രൈവറെയും കണ്ടക്ടറെയും ഭീഷണിയുടെ മുനമ്പില്‍ നിര്‍ത്തി. പ്രസ്തുത സ്റ്റോപ്പ്കളില്‍ പിടക്കോഴികള്‍ കൂവും. അപ്പോള്‍ വണ്ടി നിര്‍ത്താതെ പൊയ്ക്കോളണം.

രണ്ടു ദിവസങ്ങള്‍ അങ്ങനെ പോയി. മൂന്നാമത്തെ ദിവസം ബസ്സിനെ വരവേല്‍ക്കാന്‍ ഒരു പെണ്‍പട ഒരുങ്ങി നിന്നു. തങ്ങളുടെ മക്കളെ സ്കൂളില്‍ പോകാന്‍ അനുവദിക്കാത്ത നേതാക്കളെ തിരഞ്ഞു. വിദ്യാര്‍ത്ഥിനികളുടെ ചുവപ്പിച്ച ചുണ്ടുകള്‍ക്ക് വശമില്ലാത്ത നാടന്‍ പദപ്രയോഗങ്ങളുടെ ഉത്സവം ആയിരുന്നു ആദ്യം. അപകടം മുന്‍കൂട്ടി അറിഞ്ഞ ബുദ്ധിമതികളായ യുവനേതാക്കള്‍ മുങ്ങി. തപ്പിയവരെ കിട്ടാഞ്ഞു കിട്ടിയവരെ മര്‍ദിച്ചു ആശുപത്രിയില്‍ ആക്കി.

വനിതാ ദിനത്തില്‍ മീന്‍ വാങ്ങാന്‍ ഇറങ്ങിയപ്പോള്‍ സംഭവം ഓര്‍ത്തു. ഉറച്ച വെയിലില്‍ ഒരു പുഞ്ചിരിയോടെ മീനുകള്‍ കവറില്‍ ഇട്ടു തന്നപ്പോള്‍ തോന്നി, ഇവര്‍ക്ക് ഒരു ശാക്തീകരണവും വേണ്ടെന്നു. ഇവരുടെ തൃപ്പാദങ്ങളില്‍ വീണു അനുഗ്രഹം വാങ്ങിയാല്‍ കുറച്ചു ചുണ വന്നേക്കും. നമ്മുടെ സ്വന്തം ഗുലാബികള്‍.

ചായം പൂശി കീ കൊടുത്ത പാവകളോ ഇവരോ യഥാര്‍ത്ഥ സ്ത്രീ? 

0 comments:

Post a Comment

 

©Copyright 2011 The Envisioned Nonentity | TNB